E20 പെട്രോള്‍ നിങ്ങളുടെ കാറിന്റെ എന്‍ജിന്‍ നശിപ്പിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കി വരുന്ന E20 എഥനോള്‍ മിശ്രിത പെട്രോള്‍ (20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍) പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയും ആശങ്കകളെയും തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. എഥനോള്‍ ഉല്‍പ്പാദനം മൂലമുണ്ടാകുന്ന അമിത ജലഉപയോഗം, വാഹനങ്ങളുടെ എന്‍ജിന്‍ തകരാറുകള്‍, ഇന്‍ഷുറന്‍സ് അസാധുവാകല്‍ തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ക്കാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം നല്‍കിയത്. ശാസ്ത്രീയ പഠനങ്ങളുടെയും അന്താരാഷ്ട്ര തലത്തില്‍ വിജയിച്ച മാതൃകകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ പ്രധാന പ്രചാരണങ്ങളും അതിന് കേന്ദ്രം സര്‍ക്കാര്‍ നല്‍കിയ മറുപടികളും താഴെ:

ഒരു ലിറ്റര്‍ എഥനോളിന് 10,000 ലിറ്റര്‍ വെള്ളം വേണം?

ഈ വാദം പൂര്‍ണമായും തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു. ഒരു ലിറ്റര്‍ എഥനോള്‍ നിര്‍മ്മിക്കാന്‍ 3 മുതല്‍ 5 ലിറ്റര്‍ വരെ വെള്ളം മാത്രമാണ് ഡിസ്റ്റിലറികള്‍ ഉപയോഗിക്കുന്നത്. കൂടാതെ, വെള്ളം റീസൈക്കിള്‍ ചെയ്യാനായി ‘സീറോ ലിക്വിഡ് ഡിസ്ചാര്‍ജ്’ സംവിധാനമാണ് ഇത്തരം പ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ശേഷമുള്ള അധിക അരി മാത്രമാണ് എഥനോള്‍ ഉല്‍പ്പാദനത്തിനായി മാറ്റിവെക്കുന്നത്. ഇപ്പോള്‍ എഥനോള്‍ ഉല്‍പ്പാദനത്തിന്റെ 40 ശതമാനത്തിലധികവും മക്കച്ചോളത്തില്‍ നിന്നാണ്. ഇതിന് നെല്‍ക്കൃഷിയേക്കാള്‍ വളരെ കുറഞ്ഞ ജലസേചനം മാത്രമേ ആവശ്യമുള്ളൂ.

ഇത് പരീക്ഷിക്കപ്പെടാത്ത ഇന്ധനമാണോ?

അല്ല. എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിച്ചുവരുന്നതാണ്. യുഎസ്എ, ബ്രസീല്‍, കാനഡ, തായ്‌ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വ്യത്യസ്ത അളവുകളില്‍ എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.

എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയെയും മൈലേജിനെയും ബാധിക്കുമോ?

വാഹനങ്ങളുടെ പെര്‍ഫോമന്‍സിനെ ഇത് ദോഷകരമായി ബാധിക്കില്ലെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. യാത്രാ കാറുകളില്‍ 40,000 കിലോമീറ്ററും ഇരുചക്ര വാഹനങ്ങളില്‍ 20,000 കിലോമീറ്ററും ഓടിച്ചാണ് ഈ പരീക്ഷണം നടത്തിയത്. മൈലേജില്‍ വളരെ നേരിയ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയത്. E20 ഇന്ധനത്തിന് അനുയോജ്യമായി നിര്‍മ്മിച്ച വാഹനങ്ങള്‍ക്ക് എഥനോളിന്റെ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിങ് കൂടുതല്‍ ഗുണം ചെയ്യും.

എന്‍ജിന്‍ ഭാഗങ്ങള്‍ തുരുമ്പെടുക്കുമോ?

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ഇന്ധന ടാങ്കിലെ ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, വളരെ പഴയ വാഹനങ്ങളിലെ ചില റബ്ബര്‍ ഭാഗങ്ങള്‍ സാധാരണയേക്കാള്‍ നേരത്തെ മാറ്റേണ്ടി വന്നേക്കാം.

ഇന്‍ഷുറന്‍സും വാറന്റിയും റദ്ദാകുമോ?

ഇല്ല. E20 ഇന്ധനം ഉപയോഗിക്കാന്‍ അനുമതിയുള്ളതോ അല്ലെങ്കില്‍ അതിനനുസരിച്ച് രൂപകല്‍പ്പന ചെയ്തതോ ആയ വാഹനങ്ങള്‍ക്ക് നിലവിലുള്ള വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും പൂര്‍ണമായും ബാധകമായിരിക്കുമെന്ന് വാഹന നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ഉറുമ്പുകളും ഈച്ചകളും ആകര്‍ഷിക്കപ്പെടുമോ?

ഇന്ധന ഗ്രേഡിലുള്ള എഥനോള്‍ കടുത്ത ഡിസ്റ്റിലേഷന്‍ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ പഞ്ചസാരയുടെ അംശം പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പ്രാണികളെ അകറ്റിനിര്‍ത്തുന്ന ഡീനേച്ചറന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പെട്രോളിന്റെ കടുത്ത ഹൈഡ്രോകാര്‍ബണ്‍ ഗന്ധം ഉള്ളതിനാല്‍ പ്രാണികള്‍ വരാന്‍ സാധ്യതയില്ല.

പദ്ധതി ഒരു ‘പരീക്ഷണം’ മാത്രമാണോ?

E20 പദ്ധതി വെറുമൊരു ‘പരീക്ഷണം’ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റായ വ്യാഖ്യാനമാണെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. എഥനോള്‍ സംഭരണവുമായി ബന്ധപ്പെട്ട കരാറുകളെ കുറിച്ചുള്ള കോടതി നടപടികളെയാണ് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്.

ടാങ്കില്‍ വെള്ളം കയറാന്‍ കാരണമാകുമോ?

E20 ഇന്ധനം ടാങ്കിലേക്ക് വെള്ളം കടത്തിവിടുമെന്ന പ്രചാരണം തെറ്റാണ്. ആധുനിക വാഹനങ്ങളും ഇന്ധന വിതരണ കേന്ദ്രങ്ങളും വെള്ളം കയറാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. കരിമ്പിന്‍ ജ്യൂസ് പെട്രോളില്‍ കലര്‍ത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വലിയ സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍

2014-15 മുതല്‍ നടപ്പാക്കി വരുന്ന ഈ പദ്ധതി വഴി രാജ്യത്തിന് വലിയ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

1.9 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാന്‍ രാജ്യത്തിന് സാധിച്ചു.

കര്‍ഷകര്‍ക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ കുടിശ്ശിക വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു.

കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലില്‍ 9.30 കോടി മെട്രിക് ടണ്ണിന്റെ കുറവുണ്ടായി.

3.10 കോടി മെട്രിക് ടണ്ണിലധികം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും ഇതിലൂടെ സാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908