
തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.
ഇതിൽ നാലുവർഷവും സർച്ചാർജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സർച്ചാർജ് കണക്കാക്കുക. വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. അധികബാധ്യത വേഗത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീട്ടും. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം. വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.
വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം സ്ഥാപിച്ച് രാത്രിയിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും പുതിയ നയം നിർദേശിക്കുന്നു. മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ്, ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ നിരക്ക് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വൈദ്യുതി ചെലവിനെ ബാധിക്കാവുന്ന ഘടകങ്ങളാണ്. പുതിയ നയം 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലെ നിരക്കുകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് നിർണായകമാകും.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

